കേരളത്തിലെ 144 എന്‍ജിനീയറിങ് കോളജുകള്‍ കുവൈറ്റിന്റെ കരിമ്പട്ടികയിലായി. സംസ്ഥാനത്തെ 18 എന്‍ജിനീയറിങ് കോളജുകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മാത്രമേ ഇനി കുവൈറ്റില്‍ ജോലി ലഭിക്കൂ. ഈ 18 കോളജുകള്‍ക്ക് പോലും ഗ്രേഡ് നിര്‍ണയിച്ചിട്ടുണ്ട്. ഗ്രേഡനുസരിച്ചായിരിക്കും ശമ്പളനിര്ണയത്തിലെ ഏറ്റക്കുറച്ചില്‍. ഈ കോളജുകളില്‍ നിന്നെത്തുന്നവരെപോലും അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവേശനപരീക്ഷ നടത്തിയായിരിക്കും തിരഞ്ഞെടുക്കുക. കുവൈറ്റ് എന്‍ജിനിയേഴ്സ് യൂണിയനാണ് പരീക്ഷാ നടത്തിപ്പിലൂടെ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുക.
ഇപ്പോള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കും അവര്‍ കരിമ്പട്ടികയില്‍ പെട്ട കോളജുകളില്‍ പഠിച്ചവരാണെങ്കില്‍ വിസ പുതുക്കിനല്‍കില്ലെന്ന പുതിയ നിബന്ധനയും ആശങ്ക പടര്‍ത്തുന്നു. കുവൈറ്റ് മനുഷ്യവിഭവശേഷി അതോറിറ്റിയുടെ കരിമ്പട്ടികയും പുതിയ നിബന്ധനകളും മൂലം നൂറുകണക്കിന് പ്രവാസി എന്‍ജിനീയര്‍മാരുടെ ജോലിയാണ് നഷ്ടപ്പെടുക. യുഎഇയും സൗദിഅറേബ്യയും കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാളി എന്‍ജിനീയര്‍മാര്‍ തൊഴിലെടുക്കുന്നത് കുവൈറ്റിലാണ്.
ജാതി-മത വിഭാഗങ്ങള്‍ക്കും മരുന്നു കച്ചവടക്കാര്‍ക്കും മദ്യവ്യവസായികള്‍ക്കും വരെ വാരിക്കോരി എന്‍ജിനീയറിങ് കോളജുകള്‍ അനുവദിച്ചിട്ടുള്ള കേരളത്തില്‍ എന്‍ജിനീയറിങ് വിദ്യാഭ്യാസം അതിന്റെ അതിപൂരിതാവസ്ഥയില് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ആരംഭിച്ചുവെങ്കിലും എന്‍ജിനീയറിങ് തട്ടുകടകള്‍ക്ക് അനുമതി നല്‍കുന്നത് ഇപ്പോഴും ഒരു തുടര്‍ക്കഥയാണ്. ഇതുമൂലം പഠനത്തിന്റെ ഗുണനിലവാരം പാതാളത്തോളം എത്തിയതിന്റെ ദുരന്തമാണ് വിദേശങ്ങളില്‍ കേരളത്തിലെ എന്‍ജിനീയര്‍മാര്‍ കരിമ്പട്ടികയിലാവുന്നതിന് വഴിമരുന്നിടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
119 സ്വാശ്രയ സ്വകാര്യകോളജുകളും 12 സര്‍ക്കാര്‍ കോളജുകളും 6 കേന്ദ്ര എന്‍ജിനീയറിങ് കോളജുകളും വിവിധ വകുപ്പുകള്‍ നടത്തുന്ന 21 കോളജുകളുമടക്കം കേരളത്തിലുള്ള 162 കോളജുകളില്‍ 144 എണ്ണമാണ് കുവൈറ്റിലെ കരിമ്പട്ടികയിലുള്ളത്. ഈ കോളജുകളില്‍ മഹാഭൂരിപക്ഷത്തിലും വിജയശതമാനം പരമദയനീയമാണ്. പത്തും പതിനഞ്ചും ശതമാനമാണ് ശരാശരി. മുഴുവന്‍ വിദ്യാര്‍ഥികളും ജയിക്കുന്ന കോളജുകള്‍ കൈവിരലിലെണ്ണാവുന്നവ മാത്രമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
യുഎഇയില്‍ അടുത്ത ദിവസങ്ങളില്‍ 5000 എന്‍ജിനീയര്‍മാര്‍ക്ക് നിയമനം ലഭിക്കും. സ്വദേശികള്‍ക്കായിരിക്കും മുന്‍ഗണന. പ്രവാസികളെ തിരഞ്ഞെടുക്കുമ്പോള്‍ കുവൈറ്റില്‍ കരിമ്പട്ടികയിലായ കോളജുകളില്‍ നിന്നെത്തുന്നവര്‍ പുറന്തള്ളപ്പെടാനുള്ള സാധ്യതയും ഏറുന്നു.
കുവൈറ്റില്‍ കരിമ്പട്ടികയില്‍ പെടാത്ത കോളജുകളില്‍ നിന്നും നിയമനത്തിനു പരീക്ഷയെഴുതുന്നവരും നിയമനവിസ പുതുക്കുന്നവരും ഭീമമായ ഫീസ് അടയ്ക്കണമെന്നും പുതിയ നിബന്ധനയിലുണ്ട്. കരിമ്പട്ടികയില്‍പ്പെട്ട കോളജുകളില്‍ പഠിച്ച് ജോലി ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ പൊതു-സ്വകാര്യസ്ഥാപനങ്ങളോട് കുവൈറ്റ് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത വ്യാജ സര്‍വകലാശാലകള്‍ ഏറ്റവുമധികം ഇന്ത്യയിലാണ്. ഇപ്പോഴത്തെ നീക്കത്തില്‍ വ്യാജന്മാരേയും പിടികൂടാനാണ് പദ്ധതി.
കടപ്പാട്: കെ രംഗനാഥ്, ജനയുഗം
EmoticonEmoticon