പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു ; വീണ്ടും പരീക്ഷ നടത്താൻ സാധ്യത


തിരുവനന്തപുരം : ഹയർ സെക്കൻഡറി പരീക്ഷയുടെ രണ്ടാം വർഷ വിദ്യാർഥികളുടെ ഫിസിക്സ് ചോദ്യപേപ്പർ ചോർന്നു.
വാട്സാപ് വഴി ചോദ്യപേപ്പർ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചോദ്യപേപ്പർ ചോർന്നതായി വ്യക്തമായാൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനം എടുക്കുമെന്നും ഹയർ സെക്കൻഡറി ഡയറക്ടർ കെ.സുധീർ ബാബു അറിയിച്ചു.
ബുധനാഴ്ച നടന്ന ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയെക്കുറിച്ചാണ് പരാതി ഉയർന്നത്. തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർക്കു വാട്സാപ്പ് വഴി ചോദ്യക്കടലാസ് ലഭിച്ചതോടെയാണ് പരാതി ഉയർന്നത്.
ചോദ്യങ്ങൾ കൈകൊണ്ടു പകർത്തി എഴുതി തയാറാക്കിയ നിലയിലായിരുന്നു വാട്സാപ് വഴി പ്രചരിച്ചിരുന്നത്.
മലബാർ മേഖലയിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ മോഡൽ പരീക്ഷയുടെ ചോദ്യങ്ങളുമായി ഇതിനു സാമ്യം ഉണ്ടായിരുന്നുവെന്നും സംശയമുയർന്നു.
മാത്രമല്ല കോർഡിനേറ്റർക്ക് ലഭിച്ച ചോദ്യപേപ്പറിന്റെ പതിപ്പ് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ. ഇമ്പിച്ചിക്കോയയ്ക്കു തുടർനടപടിക്കായി അയച്ചു കൊടുത്തു.
ഈ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകുകയായിരുന്നു.
Previous
Next Post »