സിനിമാ താരങ്ങളായ സുരേഷ് ഗോപി, അമല പോൾ, ഫഹദ് ഫാസിൽ എന്നിവർക്കെതിരെ നേരത്തെ പോണ്ടിച്ചേരിയിൽ വ്യാജമായി വാഹനം രജിസ്റ്റർ ചെയ്തതിന് കേസെടുത്തിരുന്നു. സിനിമ താരങ്ങള്‍ക്കൊപ്പം പ്രമുഖ വ്യക്തികള്‍ ഉൾപ്പെടെയുള്ളവർ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തു നികുതി വെട്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഗതാഗത വകുപ്പ് നടപടികൾ ശക്തമാക്കിയത്.
വെട്ടിപ്പു തടയാൻ എറണാകുളം കേന്ദ്രമാക്കി പ്രത്യേക ഓഫിസ് സജ്ജമാക്കിയിരുന്നു. പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത 1,500 വാഹനങ്ങളുടെ രേഖകൾ വ്യാജമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സർക്കാരിനു 300 കോടിയുടെ നഷ്ടം വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഫഹദ് ഫാസിൽ നികുതി അടച്ച് തല ഊരിയെങ്കിലും അമല പോൾ അതിനു തയ്യാറായിരുന്നില്ല. 17.68 ലക്ഷം രൂപയാണ് ഫഹദ് നികുതിയിനത്തില്‍ അടച്ചത്. സുരേഷ് ഗോപി ജാമ്യത്തിലാണ്.
ഒക്ടോബര്‍ അവസാനവാരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എല്‍ഡിഎഫ് ജനജാഗ്രതായാത്രയില്‍ നടത്തിയ വിവാദകാര്‍ യാത്രയോടെയാണ് പോണ്ടിച്ചേരി രജിസ്ട്രേഷന് നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയാകുന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പര്‍ ആഢംബര് കാറിലായിരുന്നു കോടിയേരിയുടെ വിവാദ യാത്ര.
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാനായി കേരളത്തില്‍ താത്കാലികമായി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ നടപടി. വാഹനത്തിന് താത്കാലിക പെര്‍മിറ്റ് എടുക്കുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്ട്രേഷനുള്ള വിലാസം നല്‍കണം. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന് എടുക്കുമ്പോള്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസം നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യും.
20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്കിയാല് മതിയാകും. കേരളത്തില്‍നിന്ന് താത്കാലിക രജിസ്ട്രേഷന് എടുത്തശേഷം വണ്ടി പോണ്ടിച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പതിവ്. ഒരുകോടി രൂപ വിലയുള്ള വണ്ടി ഇങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ 18.75 ലക്ഷം രൂപയോളം നികുതിയിനത്തില്‍ ലാഭിക്കാം. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്താന്‍ സൗകര്യം ഒരുക്കുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരമുണ്ട്.

EmoticonEmoticon