ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ വിഷുകൈനീട്ടം….


ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ വിഷുകൈനീട്ടം.
സി.എ പുഷ്പ്പരാജ്.
മലബാര്‍ മില്‍മ 2018 മാര്‍ച്ച് മാസം സംഭരിച്ച പാലിന് 4.39 കോടി രുപ അധിക വില നല്‍കും. 2018 മാര്‍ച്ച് 1 മുതല്‍ 31 വരെ മില്‍മക്ക് ലഭിച്ച പാലിന് ലിറ്ററിന് 2 രൂപ പ്രകാരം അധിക പാല്‍ വില നല്‍കുന്നതിന് 21-03-2018 ന് ചേര്‍ന്ന മലബാര്‍ മേഖലാ യൂണിയന്‍ ഭരണസമിതി യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് മാര്‍ച്ചില്‍ സംഭരിച്ച 175.5 ലക്ഷം ലിറ്റര്‍ പാലിന് 351 ലക്ഷം രൂപയാണ് മലബാറിലെ ആറ് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി എത്തിച്ചേരുക.
2018 മാര്‍ച്ച് 1 മുതല്‍ 31 വരെയുളള അധിക വിലയില്‍ ലിറ്ററിന് 2 രൂപ വീതം കണക്കാക്കി മുഴുവന്‍ തുകയും ക്ഷീരസംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21-03-2018 മുതല്‍ 31-03-2018 വരെയുളള പാല്‍വിലയോടൊപ്പം അഡ്വാന്‍സായി നല്‍കുന്നതാണ്. സംഘങ്ങള്‍ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് നല്‍കി രേഖ ഹാജരാക്കുന്ന മുറക്ക് അഡ്വാന്‍സ് ക്രമീകരിയ്ക്കുന്നതാണ്. സംഘങ്ങള്‍ പ്രാദേശീക വില്‍പ്പന നടത്തിയുണ്ടാക്കിയ ലാഭത്തില്‍ നിന്നുളള വിഹിതം കൂടി ഇതോടൊപ്പം ചേര്‍ത്ത് നല്‍കാവുന്നതാണ്.
ഇത് കൂടാതെ സംഘങ്ങളുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് മാര്‍ച്ചിലെ പാലളവ് കണക്കാക്കി ലിറ്റര്‍ ഒന്നിന് 50 പൈസാ വീതം അധികമായി നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. ആയത് വഴി മേഖലാ യൂണിയനില്‍ പാലളക്കുന്ന സംഘങ്ങള്‍ക്ക് സ്വന്തം ഉപയോഗത്തിന് 87.50 ലക്ഷം രൂപ ലഭിയ്ക്കും.
ഈ അധിക വിലയടക്കം ഈ വര്‍ഷം മൊത്തം 7.28 കോടി രൂപ മലബാര്‍ മില്‍മയുടെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നും ക്ഷീര കര്‍ഷകരിലേക്ക് അധിക വിലയായി എത്തിക്കുവാന്‍ കഴിഞ്ഞുവെന്ന് മില്‍മ, മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ശ്രീ.കെ. എന്‍. സുരേന്ദ്രന്‍ നായര്‍, മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ശ്രീ. വി. എന്‍. കേശവന്‍ എന്നിവര്‍ അറിയിച്ചു.
Previous
Next Post »